പാലാത്ര

ഫീലിപ്പോസ് ശാഖ — കുടുംബചരിത്രം

സമ്പത്തുകൊണ്ടും പ്രതാപം കൊണ്ടും സമൂഹത്തിൽ ഉയർന്ന നില കൈവരിച്ച കുടുംബശാഖയുടെ കഥ.

പാലാത്ര കുടുംബകാരണവർ — മത്തായി ഫിലിപ്പോസ്, ഏലിയാമ്മ ഫിലിപ്പോസ്
അധ്യായം VIII

പാലാത്ര (ഫീലിപ്പോസ്)

സമ്പത്തുകൊണ്ടും പ്രതാപം കൊണ്ടും സമൂഹത്തിൽ ഉയർന്ന നില കൈവരിച്ചിട്ടുള്ള കുടുംബശാഖയാണു പാലാത്ര. വ്യവസായ വാണിജ്യമേഖലകളിൽ നവീനമായ പദ്ധതികൾ കണ്ടെത്തി ആവിഷ്കരിച്ചു വിജയിപ്പിക്കുന്നതിൽ കുടുംബാംഗങ്ങൾക്കുള്ള ബുദ്ധിവൈഭവവും മനഃസ്ഥൈര്യവുമാണ് ഈ മുന്നാക്കാവസ്ഥയ്ക്കുകാരണം. മാർ സൈമൺ സ്റ്റോക്ക് പിതാവും പ്രഗല്ഭരായ വൈദികരും കന്യാസ്ത്രീകളും പാലാത്ര കുടുംബത്തിന്റെ ആത്മീയവളർച്ചയെ ദൃഷ്ടാന്തീകരിക്കുന്നു. 1996 ആഗസ്റ്റ് 15 മുതൽ പാലാത്രശാഖ സ്വന്തമായ കുടുംബകൂട്ടായ്മ രൂപീകരിച്ചു പ്രവർത്തിച്ചു പോരുന്നു. കുടുംബപ്പേര് അനന്യവും തനിമയുള്ളതുമായും നിലനിർത്തുന്നതിൽ ഇവർ അഭിമാനിക്കുന്നു.

കല്ലുകുളം കുടുംബ സ്ഥാപകനായ തൊമ്മൻ പണിക്കരുടെ മകൻ ചാക്കോയുടെ സന്തതിപരമ്പരകളിൽ നിന്ന് ശാഖ തിരിഞ്ഞതാണ് പാലാത്ര. ചാക്കോയുടെ ആറാമത്തെ മകനായിരുന്നു മത്തായി. വാഴപ്പള്ളി മഠത്തിനു വേണ്ടി കുറച്ചു സ്ഥലം ഇദ്ദേഹം സംഭാവന നൽകിയിട്ടുണ്ട്. കല്ലുകുളത്തിൽ മത്തായി, വായ്പൂർ കുത്തുകല്ലുങ്കൽ നിന്നാണു വിവാഹം കഴിച്ചത്. ഭാര്യയുടെ പേര് ഏലി എന്നാണ്. മത്തായിക്ക് ഒരു പെണ്ണും മൂന്ന് ആണുമായി നാല് മക്കൾ: ചാക്കോ, മറിയം, പീലിപ്പോസ്, തൊമ്മ. ചാക്കോയുടെ സന്തതി പരമ്പരകളാണ് മാലിപ്പറമ്പ്. പീലിപ്പോസിന്റെ പിന്തുടർച്ചക്കാരാണ് ഈ അധ്യായത്തിൽ പ്രതിപാദിക്കുന്ന പാലാത്ര കുടുംബക്കാർ. മൂന്നാമൻ തൊമ്മായുടെ കുടുംബം പുത്തേട്ടുപറമ്പ് എന്നു സൗകര്യാർത്ഥം വിളിക്കപ്പെട്ടു. ആ കുടുംബക്കാരെല്ലാം കല്ലുകുളം എന്ന വീട്ടുപേരിലാണ് ഇന്ന് അറിയപ്പെടുന്നത്. മത്തായിയുടെ ഏക മകൾ മറിയത്തെ തോട്ടയ്ക്കാട് വിവാഹം കഴിച്ചയച്ചു.

ജോയൻ പണിക്കർ → 2. ചാക്കോ → 26. മത്തായി → 262/VIII പാലാത്ര (ഫീലിപ്പോസ്)

മത്തായി ഫീലിപ്പോസ് (പാലാത്ര കുടുംബസ്ഥാപകൻ)

ജനനം 1030 മേടം 10 (എ.ഡി. 1856). പീലി എന്നു വിളിക്കപ്പെട്ടു. കാക്കനാന്തോട്ടുകാഗത്തുണ്ടായിരുന്ന നാണു ആശാനിൽ നിന്ന് കണക്കും ഭാഷയും പഠിച്ചു. കൃഷിയിലും വ്യാപാരകാര്യങ്ങളിലും അപ്പനെ സഹായിച്ചു. ഫീലിപ്പോസ് അല്ലെങ്കിൽ പീലിക്ക് വ്യാപാരത്തിലായിരുന്നു കമ്പം. നെല്ല് കച്ചവടം പ്രധാനമായിരുന്നു. ജന്മികാലഘട്ടമാണ്. വാഴപ്പള്ളിയിലെ പ്രമുഖ ജന്മി കുടുംബമാണ് മാടത്താനി. രാജവംശങ്ങളുമായി ബന്ധമുള്ള പ്രതാപികൾ. അവരുടെ പക്കൽ നിന്നാണ് നെല്ലെടുത്തിരുന്നത്. ബാർട്ടർ രീതിയും (ഉല്പന്നത്തിന് പകരം ഉല്പന്നം നൽകുന്ന ഏർപ്പാട്) അന്ന് നിലവിലുണ്ടായിരുന്നു.

വ്യാപാരം; പാലാ - കുറവിലങ്ങാട് ഭാഗത്തേക്ക് വ്യാപിച്ചു. പണിക്കാരെ കൂട്ടി തലച്ചുമടായി സാധനങ്ങൾ കൊണ്ടുപോകണം. വീട്ടിൽ വിട്ടു പോയാൽ പത്തുപതിനഞ്ചു ദിവസം കഴിഞ്ഞാവും മടങ്ങിയെത്തുക. മീനച്ചിലാറിലൂടെ വ്യാപാരപാത തെളിഞ്ഞതോടെ കച്ചവടത്തിന്റെ സ്വഭാവത്തിൽ - എണ്ണത്തിലും വണ്ണത്തിലും - വ്യത്യാസം വന്നു.

വാഴപ്പള്ളി കുറിക്കാട്ട് ദേവസ്യ - മറിയാമ്മ മകൾ ഏലിയാമ്മയെ പീലി വിവാഹം ചെയ്തു. മാടത്താനിക്കാരിൽ നിന്നും 1 ഏക്കർ 30 സെന്റ് സ്ഥലം വാങ്ങി വീടുവെച്ചു. നാണയങ്ങളില്ലാതെ 86 രൂപയുടെ നോട്ടുകൾ എണ്ണിക്കൊടുത്തപ്പോഴാണ് ജന്മിക്കു തൃപ്തിയായത്. (അക്കാലത്തു ചക്രവും കാശുമല്ലാതെ കടലാസു നോട്ടുകൾ വലിയ പണക്കാരുടെ കയ്യിൽ മാത്രമേ ഉണ്ടാവുകയുള്ളൂ). ആ സ്ഥലത്തു വലിയ ഒരു പുരത്തറയുണ്ടായിരുന്നു. പാലായിൽ നിന്ന് വാങ്ങി കെട്ടുവള്ളത്തിൽ കൊണ്ടുവന്ന ഒരു അറയും നിറയും ആ തറയിൽ സ്ഥാപിച്ചു. അങ്ങനെയാണ് പാലാത്ര എന്ന വീട്ടുപേരുണ്ടായത്. വലിയതറയിൽ ചെറിയ വീട്, തറനിറയെ പൂ പണിയാൻ കാലം കുറേ വേണ്ടി വന്നു.

ഫീലിപ്പോസ് വല്യപ്പൻ തൊട്ടതെല്ലാം പൊന്നായി. ഈരാറ്റുപേട്ട ഭാഗങ്ങളിലേക്കും കച്ചവടം വ്യാപിച്ചു. വീടിരിക്കുന്നതിനടുത്തുള്ള കടവിനു പാലാത്രക്കടവെന്ന് പേരു വീണു. ചങ്ങനാശ്ശേരി കമ്പോളത്തിനെ വെല്ലുന്ന കച്ചവടം ഇവിടെ കേന്ദ്രീകരിച്ചായിരുന്നു. അരമനയിലെ പിതാക്കന്മാർ ഉൾപ്പെടെ പ്രമുഖർ പലരും പാലാത്രക്കടവിൽ വന്നു വള്ളം കയറി പോകുമായിരുന്നു. സഭയിലെയും സമൂഹത്തിലെയും ഉന്നതന്മാരുമായി അപ്പാപ്പൻ (അങ്ങനെയാണ് പുതുതലമുറ അദ്ദേഹത്തെ വിളിക്കുന്നത്) സുദൃഢമായ ബന്ധമുണ്ടായിരുന്നു. അരമനയിലെ കാര്യോപദേശകസമിതിയിലെ പ്രമുഖനായിരുന്നു. ഇല്ലായ്മയിൽ നിന്ന് സ്വന്തം കഴിവും ബുദ്ധിയും അശ്രാന്ത പരിശ്രമവും ദൈവാശ്രയവും മൂലം ഇത്രയേറെ നേട്ടങ്ങൾ ഉണ്ടാക്കുവാൻ അന്നത്തെ കാലത്ത് ചങ്ങനാശേരിയിൽ മറ്റാർക്കും സാധിച്ചിട്ടില്ലെന്ന് തീർത്തു പറയാൻ കഴിയും. അന്ന് പാലാത്രഭാഗം ഒരു വലിയ വ്യവസായ കേന്ദ്രമായിരുന്നു. പ്രശസ്തമായ നാഷണൽ ക്വയിലോൺ ബാങ്കും പാലാ സെൻട്രൽ ബാങ്കും മാത്രമുണ്ടായിരുന്ന ആ കാലത്ത് ഒരു കുറയ്ക്കുകൂടിയിൽ രണ്ടു ബാങ്കുകൾ - കാത്തലിക് വാണിജ്യബാങ്കും ക്രിസ്ത്യൻ വാണിജ്യബാങ്കും - വല്യപ്പന്റെ നേതൃത്വത്തിൽ നല്ല നിലയിൽ നടത്തിയിരുന്നു.

60-65 കുതിര ശക്തിയുള്ള റസ്റ്റൺ ആവി എൻജിൻ വെച്ച് നെല്ലു കുത്തലും കൊപ്രയാട്ടലും ഉണ്ടായിരുന്നു. അരിയും വെളിച്ചെണ്ണയും വളരെ വിപുലമായ തോതിൽ മൊത്തമായും ചില്ലറയായും വ്യാപാരം ചെയ്യുന്ന ഒരു പലചരക്കുകടയും പാലാത്രകുടുംബം വകയായി നടത്തിയിരുന്നു; പുറമെ ഒരു നല്ല തുണിക്കടയും. കൃഷിയിലും വല്യപ്പൻ തന്റെ പ്രാമാണ്യം തെളിയിച്ചിട്ടുണ്ട്. പണത്തിന് വളരെ വിലയും ഞെരുക്കവുമുള്ള കാലമായിരുന്നു അത്. അഞ്ചുരൂപയ്ക്ക് ഒരു ചാക്ക് അരി ലഭിക്കുന്ന കാലം. "പത്തു ചക്രം ഒരുമിച്ച് കാണണമെങ്കിൽ പാലാത്ര ബാങ്കിൽ ചെല്ലണം" എന്ന് പഴമക്കാർ പറയുമായിരുന്നു.

വൈദ്യുതി ഇല്ലാതിരുന്ന അക്കാലത്ത് വലിയ ഓയിൽ എൻജിനുകൾ വെച്ച് വെള്ളം വറ്റിച്ചായിരുന്നു കുട്ടനാടൻ പാടശേഖരങ്ങളിൽ കൃഷി ചെയ്തിരുന്നത്. വെള്ളം വറ്റിക്കുന്ന ശ്രമകരമായ ജോലി ഏറ്റെടുത്തു നടത്താൻ പലരും മടിച്ചുനിന്ന കാലത്ത് കായൽ പാടശേഖരങ്ങളുടെ പമ്പിംഗ് കോൺട്രാക്ട് എടുത്ത് നടത്തിയത് പാലാത്ര അപ്പപ്പനും മക്കളുമായിരുന്നു. ഓയിൽ എൻജിനുകളുടെ ഒരു നിര തന്നെ പാലാത്രയിൽ ഉണ്ടായിരുന്നു. മുരിക്കന്റെ കായൽ നിലങ്ങളിൽ (ഇരുപത്തിനാലായിരപ്പറ കണ്ടം) പാലാത്രക്കാരുടെ പമ്പുകൾ ഇടതടവില്ലാതെ ഇരമ്പി. അതൊരു മഹത്തായ കാലം തന്നെയായിരുന്നു.

കല്ലുകുളം കുടുംബയോഗം അപ്പപ്പനെ എന്നും കൃതജ്ഞതയോടെ സ്മരിക്കേണ്ടിയിരിക്കുന്നു. കാരണം കല്ലുകുളം കുടുംബയോഗസൃഷ്ടി അദ്ദേഹത്തിന്റെ മനസ്സിൽ ഉദിച്ച ഒരു ആശയമായിരുന്നു.

തൊമ്മൻ പണിക്കർ → 2. ചാക്കോ → 26. മത്തായി → 262/VIII പാലാത്ര (ഫീലിപ്പോസ്)

കല്ലുകുളം കുടുംബയോഗം

കുടുംബയോഗ കൂട്ടായ്മയെപ്പറ്റി പലരും ചിന്തിക്കുന്നതിനു മുൻപ് 1932-ൽ, പല ശാഖകളിലായി പടർന്നു കിടന്ന അംഗങ്ങളെ ഒരുമിച്ചു വിളിച്ചുകൂട്ടി പൂർണ്ണമായ അഭിപ്രായ ഐക്യം ഉണ്ടാക്കി അപ്പപ്പൻ മെനഞ്ഞെടുത്തതാണ് കല്ലുകുളം കുടുംബയോഗം. അന്ന് 95 കുടുംബനാഥന്മാർ പാലാത്രയിൽ ഒത്തുകൂടി. യാത്രാ സൗകര്യം ഒട്ടും തന്നെ ഇല്ലാതിരുന്ന കാലത്ത് കല്ലുകുളം കുടുംബത്തിന്റെ മൂലകുടുംബമായ പേരുംനാട്ട് മുളമുട്ടിൽ കുടുംബത്തിലെ കാരണവന്മാർ പോലും കോഴഞ്ചേരിയിൽ നിന്ന് കുടുംബയോഗ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കുവാൻ എത്തിയിരുന്നു. എത്രമാത്രം താത്പര്യവും ക്ലേശങ്ങളും കുടുംബയോഗം കെട്ടിപ്പടുക്കുവാൻ അദ്ദേഹം എടുത്തു എന്നത് നാം ഓർക്കേണ്ടതാണ്. അന്ന് പാലാത്ര കുടുംബത്തിന്റെ വിശാലമായ മുറ്റത്ത് രണ്ടു വൈദികരുടെ (കണ്ടത്തിൽപറമ്പിൽ അച്ചൻ, കാവാലം അച്ചൻ) സാന്നിധ്യത്തിൽ കല്ലുകുളം കുടുംബാംഗങ്ങൾ ഒത്തുചേർന്നു. തിരുകുടുംബചിത്രം പ്രധാന സ്ഥാനത്ത് സ്ഥാപിച്ച്, പ്രാർത്ഥനയോടുകൂടി ആരംഭിച്ച കല്ലുകുളം കുടുംബയോഗം ഇന്നും നിലനിൽക്കുന്നത് വല്യപ്പന്റെ പുണ്യം കൊണ്ടാണെന്ന് കുടുംബശാഖകളിലെ കാരണവന്മാർ വിശ്വസിക്കുന്നു. പുതുതലമുറ ഈ ചരിത്രം അറിയണം.

1932 ലെ പ്രഥമ കുടുംബയോഗത്തിൽ പങ്കെടുത്ത പാലാത്ര ശാഖാംഗങ്ങൾ
1932 ലെ പ്രഥമ കുടുംബയോഗത്തിൽ പങ്കെടുത്ത ശാഖാംഗങ്ങൾ

കല്ലുകുളം കുടുംബയോഗത്തിന്റെ സുപ്രധാനമായ പല പരിപാടികളും ആരംഭിക്കുന്നത് അറയും നിരയും കളയാതെ സൂക്ഷിക്കുന്ന ചരിത്ര പ്രാധാന്യമുള്ള ഈ കുടുംബത്തിൽ നിന്നാണ് എന്ന വസ്തുതയും ഓർമ്മിക്കേണ്ടതാണ്. (ഉദാ: ബേബിച്ചന്റെയും തോമസുകുട്ടിയുടെയും നേതൃത്വത്തിൽ നടന്ന ഭവന സന്ദർശനയാത്രയുടെ തുടക്കം, പ്ലാറ്റിനം ജൂബിലി വിളംബരയാത്ര). ഡോ. തോമാച്ചൻ ആ പാരമ്പര്യ മഹത്വം ഉൾക്കൊണ്ട് പ്രവർത്തിക്കുന്നു എന്നതും ശുഭോദർക്കമാണ്. രണ്ടു നൂറ്റാണ്ടുകളുടെ പകുതി വീതം കണ്ട അപ്പപ്പൻ 96-ാം വയസ്സിൽ (06-07-52) പരലോക പ്രാപ്തനായി. ഏലിയാമ്മ വല്യമ്മമ്മ 28.11.52 ലും നിര്യാതയായി.

മക്കൾ

1. മത്തായി (കുഞ്ഞ്)   2. ദേവസ്യാ — A. ഏലിയാമ്മ   3. ചാക്കോ   4. തോമാച്ചൻ — B. മറിയം   C. ബ്രിജിറ്റ് (സി. ആനി)   D. റോസമ്മ   5. ഫീലിപ്പ് (കൊച്ചുകുട്ടി).

മത്തായി (കുഞ്ഞ്) — മറിയം മത്തായി
1. മത്തായി (കുഞ്ഞ്) & മറിയം മത്തായി
ദേവസ്യാ — റോസമ്മ
2. ദേവസ്യാ & റോസമ്മ
ചാക്കോ — റോസമ്മ
3. ചാക്കോ & റോസമ്മ
ഫിലിപ്പോസ് ഫിലിപ്പ് — അച്ചാമ്മ ഫിലിപ്പ്
5. ഫിലിപ്പ് (കൊച്ചുകുട്ടി) & അച്ചാമ്മ 06.06.1986 · 16.01.1994